സ്കൂള്‍ ചരിത്രം
1898ല്‍ ചിറക്കല്‍ രാജാവ് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ചെറുകുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നത്. 1918ല്‍ ഈ കുടിപ്പള്ളിക്കൂടം ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലുള്ള ഒരു മിഡില്‍ സ്കൂളായിരുന്നു. പിന്നീട് നാട്ടുകാരുടെ ഉത്സാഹവും ശ്രീ. കെ.വി. നാരായണന്‍ മാസ്റ്ററുടെ (കമ്പ്യന്‍ നാരായണന്‍ മാസ്റ്റര്‍) നേതൃത്വവും ഒത്തു ചേര്‍ന്നപ്പോള്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു.
1924ല്‍ ഓല ഷെഡില്‍ പ്രവര്‍ത്തിച്ചു കെണ്ടിരുന്ന ഈ വിദ്യാലയം 1925ല്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ പുനര്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിക്കപ്പെട്ടു. അങ്ങനെ ഗ്രാമവാസികളുടെയും ഡിസ്ട്രിക്ട് ബോര്‍ഡിന്റെയും സഹകരണത്തോടെ 1927ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ വിദ്യാലയ്തത്തിന്റെ മെയിന്‍ ബ്ലോക്ക്. ഈ വര്‍ഷം ശതാബ്ദിയിലെത്തിയ സ്കൂളിന്റെ ഈ കെട്ടിടത്തിലാണ് പതിനായിരക്കണക്കിനു വരുന്ന ചെറുകുന്ന് നിവാസികള്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
1965,66,67 കാലഘട്ടങ്ങളില്‍ 3500ലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം ഏറെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിലും പ്രവര്‍ത്തിച്ചിരുന്നു. 1979,80 കാലയളവില്‍ അസൗകര്യം കുറക്കുന്നതിന്റെ ഭാഗമായാണ് ജി.ബി.എച്ച്.എസ്, ജി.ജി.എച്ച്.എസ് എന്നീ രണ്ട് സ്കൂളുകളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തറവാട്ടില്‍ നിന്നും പിരിഞ്ഞു പോയ ജി.ജി.എച്ച്.എസിന് പുതിയ പുതിയ കെട്ടിടങ്ങളുണ്ടായി. എന്നാല്‍ ബോയ്സ് സ്കൂള്‍ പഴയ കെട്ടിടത്തില്‍ തന്നെ ഇന്നും പ്രവര്‍ത്തിച്ചു വരുന്നു. അണ്‍ എയ്ഡഡ് സ്കൂളുകളുടെ പ്രളയത്തില്‍ പൊതു വിദ്യാലയങ്ങള്‍ മുങ്ങിപ്പോകുമ്പോഴും ചെറുകുന്ന് ജി.ബി.എച്ച്.എസ്. ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. 2000-ല്‍ ഹയര്‍ സെക്കണ്ടറി ആരംഭിച്ചതോടെ കെട്ടിടത്തിന്റെ അപര്യാപ്തത ഏറ്റവും രൂക്ഷമായി. ഇന്ന് നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ മാറ്റി പകരം ബഹുനില കെട്ടിടങ്ങള്‍ വരികയാണെങ്കില്‍ മുറികളുടെ അഭാവം ഒരു പരിധി വരെ പരിഹരിക്കാം. ഹയര്‍സെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കേണ്ടതുണ്ട്.
ടി.സി. നാരായണന്‍ നമ്പ്യാര്‍, മുന്‍ മുഖ്യമന്ത്രി ശ്രീ. ഇ.കെ. നയനാര്‍, ഡോ. കെ.സി. നമ്പ്യാര്‍, FRCS, മഗ്സാഗെ അവാര്‍ഡ് ജേതാവ് പി.പി. നാരായണന്‍, മുന്‍ എം.എല്‍.എ. ശ്രീ. ഇ.പി. ജയരാജന്‍, എയര്‍ ഇന്ത്യാ ചെയര്‍മാന്‍ രമേഷ് നമ്പ്യാര്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭമതികള്‍ പഠിച്ച ഒരു വിദ്യാലയത്തില്‍ 1927ന് ശേഷം 2008നാണ് ഒരു ലാബ്-ലൈബ്രറി സമുച്ചയം ലഭിച്ചത്.
ഇത്രയും പരിമിതി അനുഭവിക്കുമ്പോഴും പാഠ്യ-പാഠ്യേതര മേഖലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിക്കാന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്. കലാകായിക മേളകള്‍, ശാസ്ത്രമേള എന്നിവയില്‍ സബ് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിജയമുദ്ര പതിപ്പിക്കാന്‍ എല്ലാ വര്‍ഷങ്ങളിലും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാന ശാസ്ത്ര മേളയല്‍ ശ്രദ്ധേയമായ വിജയം കാഴ്ചവെക്കാനും നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.



No comments:
Post a Comment